തൊടുപുഴ: 45 വര്‍ഷക്കാലമായി കായികകലാരംഗത്തും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സാധുസഹായ പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തിച്ചുവരുന്ന ഓത്താര്ട്ട്സ് സ്പോര്‍ട്ടിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 22 മുതല്‍ തൊടുപുഴ ബോയ്സ് ഹൈസ്കൂള്‍ ഫ്ളഡ് ലൈറ്റ് ഗ്യാലറി സ്റ്റേഡിയത്തില്‍ വച്ച് ഒന്നാമത് അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നടക്കും. കേരളത്തിലെ പ്രമുഖ സെവന്‍സ് ഫുട്ബോള്‍ ക്ലബ്ബുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. സെവന്‍സ് ഫുട്ബോള്‍ രംഗത്തെ പ്രമുഖരായ 18-ല്‍ പരം ക്ലബ്ബുകള്‍ ചാമ്പ്യന്‍ പട്ടത്തിനായി ഏറ്റുമുട്ടുന്നു. സംസ്ഥാന സന്തോഷ് ട്രോഫി താരങ്ങള്‍ പ്രൊഫഷണല്‍ ലീഗ് താരങ്ങള്‍ ആഫ്രിക്കന്‍ ഫുട്ബോളില്‍ കരുത്തരായ നൈജീരിയ, ഘാന എന്നീ രാജ്യങ്ങളിലെ പ്രമുഖരായ ഫുട്ബോള്‍ താരങ്ങളും വിവിധ ടീമുകളിലായി അണി നിരക്കുന്നു.
എല്ലാദിവസവും രാത്രി 8.30 ന് മത്സരം ആരംഭിക്കുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐ.എം. വിജയന് നയിക്കുന്ന ടീമും ഇടുക്കിയുടെ പവ്വര്‍ ഹൗസ് നെഹ്രുട്രോഫി അന്താരാഷ്ട്രാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ മുത്തമണിയിച്ച എന്‍.പി, പ്രദീപ് നയിക്കുന്ന ടീമും തമ്മിലുള്ള പ്രദര്‍ശന ഫുട്ബോള്‍ മത്സരവും ടൂര്‍ണ്ണമെന്റിന്റെ ഭാഗമായി നടത്തപ്പെടുന്നു. 15 ദിവസക്കാലം നീണ്ടുനില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ വിജയികള്‍ക്ക് പന്തല്‍ പി.ജെ. മാത്യു മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും രണ്ടാംസ്ഥാനക്കാര്‍ക്ക് വള്ളവശ്ശേരിയില് ഡോ.രാമകൃഷ്ണപിള്ള മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡുകളും ട്രോഫികളും സമ്മാനിക്കും കൂടാതെ ടൂര്‍ണ്ണമെന്റ് കഴിവുറ്റ താരങ്ങള്‍ക്ക് വ്യക്തിഗത ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും