Friday, November 1, 2024

Top 5 This Week

Related Posts

എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരായ അശ്ലീല വീഡിയോ ; വെല്ലുവിളിച്ച് വി.ഡി. സതീശൻ

യഥാർത്ഥ കുറ്റവാളികളെ പിടിച്ചാൽ സി.പി.എം അതിന് പിന്നിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.

തൃക്കാക്കരയിൽ വികസനം ചർച്ച ചെയ്യണമെന്ന് പറഞ്ഞവർ ഇപ്പോൾ സ്വന്തമായി വ്യാജ വീഡിയോ നിർമ്മിച്ച് അതിന്റെ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണ്. തൃക്കാക്കര അതിന് ചുറ്റും കറങ്ങുമെന്നാണ് അവർ കരുതുന്നത്. എന്നാൽ അവർ മാത്രമാണ് ആ വീഡിയോയ്ക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നത്. വീഡിയോ ഉണ്ടാക്കിയ യഥാർത്ഥ കുറ്റവാളികളെ പിടിച്ചാൽ സി.പി.എം അതിന് പിന്നിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. വീഡിയോ പ്രചരിപ്പിച്ചവരെയല്ല. അപ് ലോഡ് ചെയ്തവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. അപ്പോൾ വാദി പ്രതിയാകും. വീഡിയോ പ്രചരിപ്പിച്ച ഒരു ബി.ജെ.പിക്കാരൻ പോലും അറസ്റ്റിലായിട്ടില്ല. അറസ്റ്റിലായ മൂന്നു പേരിൽ രണ്ടു പേരും സി.പി.എമ്മുകാരാണ്. കൊല്ലത്ത് അറസ്റ്റിലായ ആളെ ജാമ്യത്തിൽ ഇറക്കാൻ പോയത് അറിയപ്പെടുന്ന സി.പി.എം നേതാവാണ്. അറസ്റ്റിലായ ജേക്കബ് ഹെൻട്രിയും ശിവദാസനും സി.പി.എമ്മുകാരല്ലെന്ന് ഇതുവരെ ആരും നിഷേധിച്ചിട്ടില്ല.

പത്രസമ്മേളനങ്ങളിൽ പറഞ്ഞതിന്റെ പോലും വ്യാജനിർമ്മിതി ഉണ്ടാക്കിയാണ് സി.പി.എം സൈബർ ഇടങ്ങളിൽ പ്രചരിപ്പിക്കുന്നത്. ഒന്നുമില്ലാത്തത് കൊണ്ടാണ് വ്യാജവീഡിയോ ഉണ്ടാക്കുന്നത്. ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയിൽ ഒളി ക്യാമറ വച്ചതും ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററായിരുന്ന ശക്തിധരന് എതിരെ വ്യാജരേഖ ഉണ്ടാക്കിയതും സി.പി.എമ്മാണ്. ടി.പി ചന്ദ്രശേഖരന്റെ കൊലയാളികൾ സഞ്ചരിച്ച ഇന്നോവയിൽ മാഷാ അള്ളാ എന്ന സ്റ്റിക്കർ ഒട്ടിച്ച് മുസ്ലീംകളാണ് കൊല്ലാൻ വന്നതെന്ന് വരുത്താൻ ശ്രമിച്ചതും ഇതേ സി.പി.എമ്മാണ്. ഇവരാണ് നിരന്തരമായ വ്യാജ വീഡിയോകളും വ്യാജ നിർമ്മിതികളും ഉണ്ടാക്കി രാഷ്ട്രീയ എതിരാളികളെ നേരിടുന്നത്. അവരുടെ രീതിയല്ല യു.ഡി.എഫിന്റേത്.

കൈരളിയും ദേശാഭിമാനിയും എല്ലാ മാധ്യമ മര്യാദകളും ലംഘിച്ച് വ്യാജപ്രചരണം നടത്തുകയാണ്. പ്രതിപക്ഷ നേതാവ് മാധ്യമ പ്രവർത്തകനെ തെറി വിളിച്ചെന്നു പോലും പ്രചരിപ്പിച്ചു. എന്ത് വ്യാജ നിർമ്മിതിയും പ്രചരിപ്പിക്കുന്ന സി.പി.എമ്മാണ് വൈകാരികമായി സംസാരിക്കുന്നത്.

വോട്ടർ പട്ടികയിൽ പേരുള്ളവരെ പോലും വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് പറയുന്ന സി.പി.എം ഏതുവിധേനയും തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. തൃക്കാക്കരയിൽ എത്തിയ മന്ത്രിമാരും നേതാക്കളും ഭരണസംവിധാനത്തെ ദുരുപയോഗപ്പെടുത്തി. നിരവധി കാര്യങ്ങളിൽ തീരുമാനം എടുത്ത് വോട്ട് പിടിക്കാൻ പറ്റുമോയെന്നാണ് മന്ത്രിമാർ നോക്കുന്നത്. സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടേയും ഉൾപ്പെടെ കള്ളവോട്ട് ചെയ്യാനുള്ള സി.പി.എം ശ്രമം അനുവദിക്കില്ല. ഇത്തരം വോട്ടുകൾ രേഖപ്പെടുത്തിയ പട്ടിക യു.ഡി.എഫ് പ്രിസൈഡിങ് ഓഫീസർക്ക് കൈമാറും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കും. ഉമ തോമസ് പി.ടി തോമസ് നേടിയതിനോക്കാൾ വലിയ ഭൂരിപക്ഷത്തിൽ ജയിക്കും. ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് തൃക്കാരയിലെ വോട്ടർമാർ തീരുമാനമെടുത്ത് കഴിഞ്ഞു.

കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന് പി.സി.ജോർജ് പറഞ്ഞത് എനിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയായി കാണുന്നു. പി.സി.ജോർജിന്റെ നാവിൽ നിന്ന് എന്നെ കുറിച്ച് നല്ലതൊന്നും വരല്ലേ എന്നാണ് പ്രാർഥന. ജോർജ് സി.പി.എമ്മുമായി ധാരണയിലാണ്. ജോർജിനെ ജയിലിൽ ആക്കിയത് സർക്കാരല്ല, കോടതിയാണ്. എന്നിട്ടും അറസ്റ്റിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയാണ്. ബി.ജെ.പി – സി.പി.എം- പി.സി ജോർജ് അച്ചുതണ്ട് തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കുന്നുണ്ട്. പി.സി ജോർജിന്റെ മകനും ഒരു പ്രമുഖ സി.പി.എം നേതാവിന്റെ മകനും ചേർന്ന് കൊച്ചിയിൽ തുടങ്ങിയ വക്കീൽ ഓഫീസിൽ വച്ചാണ് സി.പി.എം- ബി.ജെ.പി നേതാക്കൾ ഗൂഡാലോചന നടത്തുന്നത്. വർഗീയതയ്ക്ക് പിന്നാലെ പോകുന്നവരല്ല തൃക്കാക്കരയിലെ വോട്ടർമാർ. എല്ലാ മതവിഭാഗങ്ങളുമായും യു.ഡി.എഫ് സൗഹാർദ്ദത്തിലാണ്. അതേസമയം വർഗീയത പറയുന്ന ന്യൂനപക്ഷ- ഭൂരിപക്ഷ വർഗീയ ശക്തികളെ എതിർക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles