Thursday, December 26, 2024

Top 5 This Week

Related Posts

എന്റെ മകൻ ന്യായാന്യായങ്ങളെ വേർതിരിക്കുവാനുള്ള കറുത്ത ഗൗൺ ഇന്ന് അണിഞ്ഞു ; മഅ്ദനി

അബ്ദുന്നാസിര്‍ മഅ്ദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി അഭിഭാഷകനായി എന്റോള്‍ ചെയ്തു

അബ്ദുൽ നാസർ മഅ്ദനി വർഷങ്ങളായി നീതി നിഷേധത്തിന്റെ തടവറയിൽ കിടക്കുമ്പോൾ മകൻ സലാഹുദ്ദീൻ അയ്യൂബി നീതിക്കുവേണ്ടിയുള്ള നിയമയുദ്ധത്തിനു യോഗ്യനായി. ഞായറാഴ്ച കളമശ്ശേരി ആശിശ് കൺവൻഷെൻ സെൻറററിൽ നടന്ന ചടങ്ങ് ബംഗളൂരുവിലെ ഫ്‌ളാറ്റിൽ ഇരുന്ന് ഓൺലൈനായി കണ്ട് മഅ്ദനി
പിന്നീട് സ്തുതികൾ അഖിലവും ജഗന്നിയന്താവിന്…എന്ന തലക്കെട്ടിൽ ‘അങ്ങനെ, നിരന്തര നീതി നിഷേധത്തിന്റെ ഒട്ടധികം എപ്പിസോഡുകളുടെ നടുവിലൂടെ എന്റെ മകൻ ന്യായാന്യായങ്ങളെ വേർതിരിക്കുവാനുള്ള കറുത്ത ഗൗൺ ഇന്ന് അണിഞ്ഞു. എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്. അഭിഭാഷക വേഷത്തിൽ ഒപ്പം ന്‌ല്ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തു.

അയ്യൂബിക്ക് പത്ത് മാസം പ്രായമുള്ളപ്പോഴാണ് കള്ളക്കേസിൽ കുടുക്കി എന്നെ കോയമ്പത്തൂർ ജയിലിൽ അടയ്ക്കുന്നത്. പിന്നീട് അവന്റെ ലോകം പ്രധാനമായി കോയമ്പത്തൂർ സേലം ജയിലുകളിലെ സന്ദർശക മുറികളും അവിടുത്തെ വ്യത്യസ്ത സ്വഭാവക്കാരായ ജയിൽ ഉദ്യോഗസ്ഥരുമൊക്കെയായിരുന്നു.
പലതരത്തിലുള്ള ശാരീരിക മാനസിക പീഡനങ്ങളുടെ നടുവിലൂടെ വളരേണ്ടി വന്ന ബാല്യമായിരുന്നു അവന്റേത്.
ഒരിക്കൽ ഭാര്യ സൂഫിയായെ ഉപദ്രവിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ കുഞ്ഞുകൈകൾ കൊണ്ട് തടുക്കാൻ ശ്രമിച്ചപ്പോൾ ജയിൽ മുറ്റത്ത് വലിച്ചചെറിയപ്പെട്ടു. ചോരയൊഴുകുന്ന അന്നത്തെ അവന്റെ മുഖം ഇപ്പോഴും മറക്കാനാവാത്ത എന്റെ ഓർമ്മയാണ്.
ഇന്ന്,നല്ല മാർക്കോടെ എൽ.എൽ.ബി പാസ്സ് ആയതിന്റെ സന്തോഷം രേഖപ്പെടുത്തുമ്പോൾ അവിടെ എത്തിപ്പെടാൻ ഒട്ടനവധി വിഷമങ്ങൾ അവന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ജീവിതത്തിൽ വല്ലാത്ത അരക്ഷിതാവസ്ഥ അനുഭവിച്ചു. എന്നും മഅ്ദനി എഴുതി.
ഉമ്മ സൂഫിയ മഅ്ദനി ചടങ്ങിൽ പങ്കെടുത്തു. ജാമ്യവ്യവസ്ഥകാരണം മഅ്ദനിക്ക് ചടങ്ങിൽ പങ്കെടുക്കാനായില്ല.

ആലുവ ചൂണ്ടിയിലെ ഭാരത് മാതാ കോളജിൽ നിന്നാണ് എൽ.എൽ.ബി ബിരുദം നേടിയത്. കെ.എൻ. അനിൽ കുമാർ (ചെയർമാൻ, ബാർ കൗൺസിൽ ഓഫ് കേരള) മനോജ്കുമാർ എൻ (ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗം), ഗോപാലകൃഷ്ണ കുറുപ്പ് (അഡ്വക്കേറ്റ് ജനറൽ), കെ.പി ജയചന്ദ്രൻ (അഡീ. അഡ്വക്കേറ്റ് ജനറൽ), നസീർ കെ.കെ, എസ്.കെ പ്രമോദ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കേരളാ ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. ഡയസ് ആണ് എൻറോൾമെന്റ് സർട്ടിഫിക്കറ്റ് നൽകിയത്.

മഅ്ദനിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സ്തുതികൾ അഖിലവും ജഗന്നിയന്താവിന്…
എന്റെ പ്രിയ മകൻ സലാഹുദ്ദീൻ അയ്യൂബി ഇന്ന് കുറച്ച് മുൻപ് 10.26 മണിക്ക് അഡ്വക്കേറ്റായി എൻറോൾ ചെയ്തു.
എറണാകുളം കളമശ്ശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കെ.എൻ.അനിൽ കുമാർ (ചെയർമാൻ, ബാർ കൗൺസിൽ ഓഫ് കേരളാ) മനോജ്കുമാർ.എൻ (ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗം),
ഗോപാലകൃഷ്ണ കുറുപ്പ് (അഡ്വക്കേറ്റ് ജനറൽ), കെ.പി ജയചന്ദ്രൻ (അഡീ. അഡ്വക്കേറ്റ് ജനറൽ), നസീർ കെ.കെ, എസ്.കെ പ്രമോദ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. ഡയസ് ആണ് എൻറോൾമെന്റ് സർട്ടിഫിക്കറ്റ് നൽകിയത്.
അങ്ങനെ, നിരന്തര നീതി നിഷേധത്തിന്റെ ഒട്ടധികം എപ്പിസോഡുകളുടെ നടുവിലൂടെ എന്റെ മകൻ ന്യായാന്യായങ്ങളെ വേർതിരിക്കുവാനുള്ള കറുത്ത ഗൗൺ ഇന്ന് അണിഞ്ഞു. അയ്യൂബിക്ക് പത്ത് മാസം പ്രായമുള്ളപ്പോഴാണ് കള്ളക്കേസിൽ കുടുക്കി എന്നെ കോയമ്പത്തൂർ ജയിലിൽ അടയ്ക്കുന്നത്. പിന്നീട് അവന്റെ ലോകം പ്രധാനമായി കോയമ്പത്തൂർ സേലം ജയിലുകളിലെ സന്ദർശക മുറികളും അവിടുത്തെ വ്യത്യസ്ത സ്വഭാവക്കാരായ ജയിൽ ഉദ്യോഗസ്ഥരുമൊക്കെയായിരുന്നു.
പലതരത്തിലുള്ള ശാരീരിക മാനസിക പീഡനങ്ങളുടെ നടുവിലൂടെ വളരേണ്ടി വന്ന ബാല്യമായിരുന്നു അവന്റേത്.

ഒരിക്കൽ ഭാര്യ സൂഫിയായെ ഉപദ്രവിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ കുഞ്ഞുകൈകൾ കൊണ്ട് തടുക്കാൻ ശ്രമിച്ചപ്പോൾ ജയിൽ മുറ്റത്ത് വലിച്ചചെറിയപ്പെട്ടു. ചോരയൊഴുകുന്ന അന്നത്തെ അവന്റെ മുഖം ഇപ്പോഴും മറക്കാനാവാത്ത എന്റെ ഓർമ്മയാണ്.
ഇന്ന്,നല്ല മാർക്കോടെ എൽ.എൽ.ബി പാസ്സ് ആയതിന്റെ സന്തോഷം രേഖപ്പെടുത്തുമ്പോൾ അവിടെ എത്തിപ്പെടാൻ ഒട്ടനവധി വിഷമങ്ങൾ അവന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ജീവിതത്തിൽ വല്ലാത്ത അരക്ഷിതാവസ്ഥ അനുഭവിച്ചു.
എറണാകുളം തേവയ്ക്കൽ വിദ്യോദയ സ്‌കൂളിലെ LKG പഠനവും നിലമ്പൂർ Peeveesലെ UKG,1 പഠനവും പിന്നീട് ഒൻപതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും Peeveesൽ കിട്ടിയ ക്ലാസ്സുകളും മാത്രമാണ് എൽ.എൽ.ബിക്ക് മുൻപ് അവന് സുരക്ഷിതമായി ലഭ്യമായിട്ടുള്ള ക്ലാസ്സുകൾ.
പിന്നീടൊക്കെ ദിനേന എന്നവണ്ണമുള്ള എന്റെ ആശുപത്രി വാസത്തിനും സംഘർഷഭരിതമായ ദിനരാത്രങ്ങൾക്കുമിടയിൽ വളരെ കഷ്ടപ്പെട്ട് അവൻ നേടിയെടുത്ത നേട്ടങ്ങളാണ്.
വല്ലാത്ത വാത്സല്യം നൽകി അവനെ പഠനരംഗത്ത് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന അവന്റെ പ്രിയപ്പെട്ട അധ്യാപകർ…
തളർന്ന് വീണുപോകാതെ താങ്ങി നിർത്തിയ ഒട്ടധികം സുമനസ്സുകൾ..
എല്ലാവർക്കും എല്ലാവർക്കും കാരുണ്യവാൻ അനുഗ്രഹം ചെയ്യുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അവകാശ നിഷേധം അനുഭവിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ നിസ്സഹായർക്കും കൈത്താങ്ങായി മാറാൻ അയ്യൂബിയുടെ നിയമ ബിരുദം അവന് കരുത്തേകട്ടെ… ജഗന്നിയന്താവിന്റെ ഭാഗത്ത് നിന്നുള്ള അനുഗ്രഹം അവന് എപ്പോഴും ലഭ്യമാകുവാൻ എന്നും എല്ലാവരും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അബ്ദുന്നാസിർ മഅ്ദനി
ബാംഗ്ലൂർ

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles