Friday, November 1, 2024

Top 5 This Week

Related Posts

എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് കൊടികയറി

എടത്വ: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് തുടക്കം കുറിച്ച് കൊടികയറി.

ഇന്ന് പുലര്‍ച്ചെ 5.45 ന് വികാരി ഫാ. ഫിലിപ് വൈക്കത്തുകാരന്റെ കാര്‍മികത്വത്തില്‍ നടന്ന മധ്യസ്ഥ പ്രാര്‍ഥനയ്ക്കും കുര്‍ബാനയ്ക്കും ശേഷം ചങ്ങനാശേരി അതിരൂപത മെത്രാപ്പൊലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം കൊടി ആശീര്‍വ്വദിച്ച് ഉയര്‍ത്തിയതോടെയാണ് പെരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

രാവിലെ ആറിന് പ്രധാന അള്‍ത്താരയില്‍ നടന്ന ദിവ്യബലിക്കുശേഷം പൊന്‍, വെള്ളി കുരിശുകളുടേയും മെഴുകുതിരികളുടേയും മുത്തുകുടകളുടേയും അകമ്പടിയോടെ വിശ്വസ സാഗരത്തെ സാക്ഷിയാക്കിയായിരുന്നു ആശീര്‍വദിച്ച കൊടി മുകളിലേക്ക് ഉയര്‍ന്നത്. പട്ടുനുല്‍കൊണ്ട് പിരിച്ചെടുത്ത കയറില്‍ കൊടി മുകളിലേക്ക് ഉയര്‍ന്നതോടെ വിശുദ്ധ ഗീവര്‍ഗീസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ എന്ന് ആയിരങ്ങളുടെ നാവില്‍ നിന്ന് ഉയര്‍ന്ന തീഷ്ണമായ പ്രാര്‍ത്ഥനയുടെ നിറവില്‍ എടത്വ പെരുനാളിന് തുടക്കമായി.

ഇനിയുള്ള നാളുകള്‍ പുണ്യഭൂമിയായ എടത്വ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ ആശാകേന്ദ്രമായിരിക്കും. തിരുനാളില്‍ പങ്കെടുക്കാനായി തീര്‍ത്ഥാടകര്‍ ഇന്നലെ മുതലേ തന്നെ പള്ളിയില്‍ എത്തിയിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ഏറെയും എത്തുന്നത്.

പള്ളിയിലെ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കന്യാകുമാരി, രാജാക്കമംഗലം, മാര്‍ത്താണ്ഡം തുറക്കാര്‍ ഇന്നലെ വൈകുന്നേരം തന്നെ പള്ളി പരിസരങ്ങളില്‍ തമ്പടിച്ചു തുടങ്ങിയിരുന്നു.


തിരുനാള്‍ കണ്‍വീനര്‍ ഫാ. റ്റോം ആര്യങ്കാല, അസിസ്റ്റന്റ് വികാരിമാരായ ഫാ. മിജോ കൈതപറമ്പില്‍, ഫാ. ടോണി കോയില്‍പറമ്പില്‍, ഫാ. തോമസ് കാരക്കാട്, ഫാ. തോമസ് മുട്ടേല്‍, ഫാ. ആന്റണി ചൂരവടി, അസോസിയേറ്റ് പാസ്റ്റര്‍ ഫാ. വര്‍ഗീസ് പുത്തന്‍പുര, ഫാ. ജോസ് പുളിത്താനത്ത്, ഫാ. മാര്‍ട്ടിന്‍ തൈപറമ്പില്‍, ഫാ. മാത്യു മാലിയില്‍, ഫാ. മാത്യു കണ്ണംപള്ളി, ഫാ. സൈമണ്‍, ഫാ. ജോസ് എന്നിവര്‍ കൊടിയേറ്റിന് സഹകാര്‍മ്മികരായിരുന്നു. കൊടിക്കുന്നില്‍ സുരേഷ് എം.പി. ചടങ്ങില്‍ പങ്കെടുത്തു. കൈക്കാരന്‍മാരായ ബിനോയി മാത്യു ഉലക്കപാടില്‍, ജോണ്‍ ചാക്കോ വടക്കേയറ്റം പുന്നപ്ര, ജോസി കുര്യന്‍ പരുമൂട്ടില്‍, ജനറല്‍ കണ്‍വീനര്‍ ജയ്‌സപ്പന്‍ മത്തായി കണ്ടത്തില്‍, ജോയിന്റ് കണ്‍വീനര്‍മാരായ ജിന്‍സി ജോളി, വര്‍ഗീസ് എം.ജെ., പബ്ലിസിറ്റി കണ്‍വീനര്‍ സോജന്‍ സെബാസ്റ്റ്യന്‍ കണ്ണന്തറ, സിസ്റ്റര്‍ റ്റെസി ആറ്റുമാലില്‍, വി.റ്റി. ജോസഫ് വാഴപറമ്പിൽ, ജോബി കണ്ണംപള്ളി, സാം സഖറിയാ വാതല്ലൂര്‍, ആന്‍സി ജോസഫ് മുണ്ടകത്തില്‍ റോസ്ഭവന്‍, തോമസ് ജോര്‍ജ്ജ് ആലപ്പാട്ട് പറത്തറ, ബീനാമ്മ തോമസ് കളങ്ങര എന്നിവര്‍ നേതൃത്വം നല്‍കി.


പ്രധാന തിരുനാള്‍ മേയ് ഏഴിനാണ്. അന്ന് ഉച്ചകഴിഞ്ഞ് നാലിന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്കുചുറ്റും നടക്കും. തിരുനാള്‍ ദിനത്തില്‍ പ്രദക്ഷണത്തിന് രൂപങ്ങള്‍ വഹിക്കുന്നതും നേതൃത്വം നല്‍കുന്നതും തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തജനങ്ങളാണ്. നൂറ്റാണ്ടുകളായി പരകോടി വിശ്വാസികളുടെ ജീവിതത്തിന് വഴിയും വെളിച്ചവുമായ വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി മേയ് മൂന്നിന് രാവിലെ ഒന്‍പതിന് ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും.

മെയ് 14 ന് എട്ടാമിടം. അന്ന് ചെറിയ രൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം കുരിശടി ചുറ്റി പള്ളിയില്‍ മടങ്ങിയെത്തുന്നതോടെ കൊടിയിറക്കും. രാത്രി ഒന്‍പതിന് തിരുസ്വരൂപം നടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ കാലത്തിന് സമാപനമാകും. ഇത്തവണത്തെ തിരുനാളിന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആലപ്പുഴ രൂപത മെത്രാന്‍ ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍, മാവേലിക്കര മലങ്കര രൂപത മെത്രാപ്പൊലീത്ത ഡോ ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്, പാലക്കാട്ട് സുല്‍ത്താന്‍പേട്ട ബിഷപ് ഡോ. അന്തോനി സ്വാമി പീറ്റര്‍, ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, തക്കല രൂപത മെത്രാന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, കോട്ടാര്‍ ബിഷപ്പ് എമരിറ്റസ് റവ. ഡോ. പീറ്റര്‍ റെമിജിയൂസ്, മോണ്‍സിഞ്ഞോര്‍ തോമസ് പൗവ്വത്തുപറമ്പില്‍, ചങ്ങനാശ്ശേരി അതിരൂപതാ ചാന്‍സിലര്‍ ഫാ. ഐസക്ക് ആലഞ്ചേരി, ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. ജയിംസ് പാലയ്ക്കല്‍ എന്നിവരുടെ സാന്നിദ്ധ്യമുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles