ഉൾവനത്തിലേക്ക് മടങ്ങാതെ കാട്ടാന. ഭീതിയൊഴിയാതെ ബത്തേരി. തുരത്താനായില്ല. വെള്ളിയാഴ്ച പുലർച്ചെ ബത്തേരി നഗരത്തിൽ ഇറങ്ങിയ പി.എം 2 എന്ന കൊമ്പനെ കുങ്കികളെ ഉപയോഗിച്ച് തുരത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല. കുപ്പാടി മേഖലയിൽ ഉള്ള ആനയെ മയക്കുവെടിവെയ്ക്കാനുളള നീക്കത്തിലാണ് അധികൃതർ. കാട്ടാനഭീതിയെ തുടർന്ന് ബത്തേരി നഗരസഭയിലെ പത്തുവാർഡുകളിൽ നിരോധനാജ്ഞ തുടരുകയാണ്.
വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ബത്തേരി നഗരമധ്യത്തിൽ ഒറ്റയാനിറങ്ങിയത്. വഴിയാത്രക്കാരനായ തമ്പിയെന്ന സുബെർ കുട്ടിയെ ആന ആക്രമിച്ചെങ്കിലും ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. കാലിന് പരുക്കേറ്റ സുബെർ കുട്ടി ചികിത്സയിലാണ്. കട്ടയാട്, മുള്ളൻകുന്ന് പ്രദേശങ്ങളിലെ വീടുകൾക്ക് നേരെയും ആനയുടെ ആക്രമണമുണ്ടായി. ഗൂഡല്ലൂരിൽ നിന്ന് വനംവകുപ്പ് പിടികൂടി കാട്ടിൽ വിട്ട പി.എം 2 എന്ന ആനയാണ് ബത്തേരിയിലെത്തിയത്. ഗൂഡല്ലൂരിൽ രണ്ടുപേരെ കൊന്ന ആന അൻപതിലധികം വീടുകളും തകർത്തിരുന്നു.