ഗീതാദാസ്
തൊടുപുഴ: തൊടുപുഴ നഗരസഭയുടെ പരിഷ്‌ക്കരിച്ച മാസ്റ്റര്‍ പ്ലാനിന് സംസ്ഥാന സര്‍ക്കാര്‍ അന്തിമ അനുമതി നല്‍കിയതായി പി.ജെ ജോസഫ് എം.എല്‍.എയുടെ അറിയിപ്പ് പത്രമാധ്യമങ്ങളിലും പ്രാദേശിക ചാനലികളിലും വന്നതിനെ തുടര്‍ന്നാണ് പിതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കം ആരംഭിച്ചത്. പിതൃത്വാവകാശം ഉന്നയിച്ച് തൊടുപുഴ നഗരസഭാ കൗണ്‍സില്‍ അംഗവും യുഡി എഫ് നേതാവുമായ അഡ്വ. ജോസഫ് ജോണ്‍ ആദ്യം രംഗത്ത് എത്തുകയായിരുന്നു.
അഡ്വ. ജോസഫ് ജോണിന്റെ മാധ്യമങ്ങളിലൂടെയുള്ള അവകാശ വാദം കേട്ട് സി പി എമ്മിന്റെ നേതൃത്വത്തിലുള്ള നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് വികാര ഭരിതനായി രംഗത്ത് എത്തി. മാസ്റ്റര്‍ പ്ലാനിന്റെ പിതാവ് താനാണെന്നും തന്റെയും താന്‍ പ്രതിനിധികരിക്കുന്ന പാര്‍ട്ടിയുടെയും നിരന്തര ശ്രമം മൂലമാണ് പരിഷ്‌കരിച്ച മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അനുമതി ലഭിച്ചതെന്നും പത്രസമ്മേളനത്തിലൂടെ ചെയര്‍മാന്‍ അവകാശപ്പെട്ടു. അന്ന് മാസ്റ്റര്‍ പ്ലാനിനെ എതിര്‍ത്തവര്‍ ഇപ്പോ അവകാശവാദവുമായി വന്ന് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുകയാണെന്നും ഇത്തരം നപുംസകങ്ങളെ ജനങ്ങള്‍ എതിര്‍ക്കുമെന്നും ചെയര്‍മാന്‍ ആഞ്ഞടിച്ചു. എം എല്‍എ പി ജെ ജോസഫിനെയും അഡ്വ. ജോസഫ് ജോണിനെയും അവരെ പ്രതിനിധികരിക്കുന്ന മുന്നണിയേയുമാണ് ചെയര്‍മാന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തം.
ചെയര്‍മാന്റെ പ്രസ്താവന വന്ന ഉടന്‍ തന്നെ യു ഡി എഫ് നേതാക്കള്‍ തിരിച്ചടിച്ചു. നഗരസഭ കൗണ്‍സില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച പുതുക്കിയ മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ അംഗീകരിച്ചത് കാര്യങ്ങള്‍ അന്വേഷിക്കാന്‍ ചുമതലപ്പെട്ട ചെയര്‍മാന്‍ പത്രമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.ഇതിന്റെ ചമ്മല് മാറ്റാനാണ് ചെയര്‍മാന്റെ എട്ടുകാലി മമ്മൂഞ്ഞ് പ്രസ്താവനയെന്ന് യുഡി എഫ് നേതാക്കള്‍ പത്ര സമ്മേളനത്തില്‍ ആഞ്ഞടിച്ചു.
മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചതു മുതല്‍ സര്‍ക്കാരിലെ ഫയല്‍ എംഎല്‍എയും പ്രതിപക്ഷ കൗണ്‍സിലര്‍മാരും പിന്തുടര്‍ന്ന് അന്വേഷിച്ചുകൊണ്ടിരുന്നു. സര്‍ക്കാരില്‍ നിന്ന് ഉണ്ടായ സംശയങ്ങള്‍ ടൗണ്‍ പ്ലാനിങ് ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ട് തങ്ങള്‍ ദുരീകരിച്ച് നല്‍കുകയും ചെയ്തതിന്റെ ഫലമാണ് സര്‍ക്കാര്‍ അനുമതിയെന്നും യുഡി എഫ് അവകാശപ്പെട്ടു.
തൊടുപുഴ നഗരസഭ കൗണ്‍സിലില്‍ താന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞതുപോലെ തന്നെ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിരുന്ന 99 ശതമാനം പദ്ധതികളും വേണ്ടെന്നുവച്ചുവെന്നും ഒന്നര വര്‍ഷക്കാലം തൊടുപുഴയില്‍ നിര്‍മ്മാണ നിരോധനം വന്നതും, സിവില്‍ സ്റ്റേഷന്റെ മൂന്നാം ബ്ലോക്ക് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വികസനം മരവിപ്പിച്ചത് മാത്രമാണ് ഈ മാസ്റ്റര്‍ പ്ലാനിന്റെ ബാക്കി പത്രമെന്നും യുഡിഎഫ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സംഘടനകളുടെയും, ട്രാക്ക് ഉള്‍പ്പെടെയുള്ള മറ്റ് സാമൂഹിക സംഘടനകളുടെയും പോരാട്ടം ഇപ്പോള്‍ വിജയത്തില്‍ എത്തിയിരിക്കുന്നു എന്നും ഇതിനായി മുന്‍കൈയെടുത്ത പി ജെ ജോസഫ് എംഎല്‍എയും, മുന്‍സിപ്പല്‍ കൗണ്‍സിലിനെയും, ട്രാക്ക് ഉള്‍പ്പെടെയുള്ള എല്ലാ സാമൂഹിക സംഘടനകളെയും അഭിനന്ദിക്കുന്നു എന്നും കൗണ്‍സിലര്‍ ജോസഫ് ജോണ്‍ പറഞ്ഞു.
മാസ്റ്റര്‍പ്ലാനിന്റെ അപാകതകള്‍ പരിഹരിച്ച് അംഗീകാരം നേടിയെടുക്കാന്‍ വിവിധ ഘട്ടങ്ങളില്‍ പി ജെ ജോസഫ് എംഎല്‍എ നല്‍കിയ സംഭാവനകളെ പ്രകീര്‍ത്തിക്കുന്നതിന് പകരം അദ്ദേഹത്തെ അപമാനിക്കാനുള്ള ചെയര്‍മാന്റെ മാനസികാവസ്ഥ തൊടുപുഴയിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ജോസഫ് ജോണ്‍ കൂട്ടിചേര്‍ത്തു.
ഇതിന് പിന്നാലെയാണ് മാസ്റ്റര്‍ പ്ലാനിന്റെ ക്രെഡിറ്റ് തങ്ങള്‍ക്ക് വേണമെന്ന് അവകാശപ്പെട്ട് ബി ജെ പി രംഗത്ത് എത്തിയത്.മുനിസിപ്പല്‍ കൗണ്‍സിലില്‍ ബിജെപി എടുത്ത ശക്തമായ നിലപാടാണ് ഇന്ന് പൊതുജനങ്ങള്‍ക്ക് പരമാവധി ബുദ്ധിമുട്ട് കുറച്ച്, എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വികസന നയത്തില്‍ വെള്ളം ചേര്‍ക്കാതെ, കാലതാമസം കൂടാതെ,ഭേദഗതി ചെയ്ത് പുതിയ മാസ്റ്റര്‍പ്ലാന്‍ തൊടുപുഴയിലെ ജനങ്ങള്‍ക്ക് ലഭ്യമാകാന്‍ കാരണമെന്ന് ബിജെ പി നേതാക്കള്‍ പറഞ്ഞു.
നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് നടന്ന പ്രത്യേക കൗണ്‍സിലില്‍ ബിജെപി നിലപാട് വോട്ടെടുപ്പില്‍ അംഗീകരിക്കപ്പെട്ടിരുന്നുവെന്നും. കരട് മാസ്റ്റര്‍ പ്ലാന്‍ മലയാളത്തിലാക്കി വാര്‍ഡുസഭകളില്‍ അവതരിപ്പിച്ച് ജനങ്ങളുടെ ആശങ്കയകറ്റി ആവശ്യമായ മാറ്റങ്ങളോടെ സമയ ബന്ധിതമായി നടപ്പിലാക്കിയാല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് ഗുണമുണ്ടാകൂ എന്ന നിലപാടാണ് ബിജെപി കൗണ്‍സിലര്‍മാര്‍ സ്വീകരിച്ചതെന്നും മാസ്റ്റര്‍പ്ലാന്‍ മരവിപ്പിക്കണമെന്ന് മറ്റു കൗണ്‍സിലര്‍മാര്‍ വാദിച്ചപ്പോള്‍ മരവിപ്പിക്കല്‍ കൊണ്ട് കാല താമസം മാത്രമേ ഉണ്ടാകൂ എന്നതല്ലാതെ സാധാരണക്കാര്‍ക്ക് ഒരു ഗുണവുമുണ്ടാകില്ലെന്നും, ആവശ്യമായ ഭേദഗതികള്‍ ആണ് ഗുണകരമെന്നും ബിജെപി കൗണ്‍സിലര്‍മാരായ സി ജിതേഷ്, റ്റി.എസ്. രാജന്‍, പി.ജി. രാജശേഖരന്‍, ബിന്ദു പത്മകുമാര്‍, ജിഷ ബിനു, ശ്രീലക്ഷ്മി , കവിതാ വേണു, ജയലക്ഷ്മി ഗോപന്‍ എന്നിവര്‍ യോഗത്തില്‍ കൗണ്‍സിലിനെ ബോധിപ്പിച്ചുവെന്നും അതുകൊണ്ട് മാസ്റ്റര്‍ പ്ലാനിന്റെ പിതൃത്വം തങ്ങള്‍ക്കു വേണമെന്നുമാണ് ബി ജെ പി യുടെ വാദം.
മുന്നണികള്‍ തമ്മിലുള്ള അവകാശ വാദം കൊഴുക്കുമ്പോള്‍ സത്യത്തില്‍ തൊടുപുഴ മാസ്റ്റര്‍ പ്ലാനിന്റെ പിതാവ് ആരാണെന്ന ചിന്താ കുഴപ്പത്തിലാണ് ജനങ്ങള്‍.മൂന്നു മുന്നണികളും പിതൃത്വം അവകാശപ്പെടുമ്പോള്‍ , ജനിച്ചിട്ട് രണ്ടു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ ഡി എന്‍ എ ടെസ്റ്റ് നടത്തി പിതൃത്വം തെളിയിക്കണമെന്നാണ് ചില രസികന്‍മാരുടെ അഭിപ്രായം
തൊടുപുഴ മാസ്റ്റര്‍ പ്ലാന്‍
തൊടുപുഴ നഗരത്തിന്റെ സമ്പൂര്‍ണ്ണ വികസനത്തിനായി 2021 ജൂലൈ 13 നാണ് ഒരു കരട് മാസ്റ്റര്‍ പ്ലാന്‍ പ്രസിദ്ധീകരിച്ചത്. ഇതേ തുടര്‍ന്ന് ഈ മാസ്റ്റര്‍ പ്ലാനിന് പരാതികള്‍ സ്വീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നഗരസഭയ്ക്ക് ലഭിച്ച നിരവധി പരാതികള്‍ മുനിസിപ്പല്‍ കൗണ്‍സില്‍ നിശ്ചയിച്ച മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, കൗണ്‍സിലര്‍മാരായ അഡ്വ. ജോസഫ് ജോണ്‍, മുഹമ്മദ് അഫ്സല്‍, സി. ജിതേഷ് എന്നിവര്‍ ഉള്‍പ്പെട്ട സബ് കമ്മിറ്റി വിശദമായി പരിശോധിക്കുകയും കൗണ്‍സിലര്‍മാര്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. തൊടുപുഴ മാസ്റ്റര്‍ പ്ലാനെ സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് പി.ജെ ജോസഫ് എം.എല്‍.എ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ട്രാക്ക് ഉള്‍പ്പെടെ സാമൂഹിക സംഘടന പ്രതിനിധികളുടെയും മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും യോഗം വിളിച്ചു കൂട്ടി.
ഈ യോഗത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് മുനിസിപ്പല്‍ സബ് കമ്മിറ്റി തങ്ങളുടെ ശുപാര്‍ശ കൗണ്‍സിലിന് നല്‍കിയത്. കഴിഞ്ഞ ജൂലൈ 29 ന് തൊടുപുഴ നഗരസഭ സബ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുകയും സര്‍ക്കാരിലേയ്ക്ക് പരിഷ്‌ക്കരിച്ച മാസ്റ്റര്‍ പ്ലാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. ചീഫ് ടൗണ്‍ പ്ലാനര്‍ നഗരസഭ നല്‍കിയ മാസ്റ്റര്‍ പ്ലാന്‍ വിശദമായി പരിശോധിക്കുകയും സംശയ ദുരീകരണം നടത്തി സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. . പൊതുജനങ്ങളുടെ ആക്ഷേപങ്ങള്‍ സ്വീകരിച്ച ശേഷം മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാരിന് പുതുക്കി സമര്‍പ്പിച്ചിരുന്നു. ഈ പ്ലാനിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.
മാസ്റ്റര്‍ പ്ലാന്‍ എല്ലാവരുടെയും ഒത്തൊരുമയുടെ വിജയമായി ആഘോഷിക്കാതെ പിതൃത്വം തങ്ങള്‍ക്കു തന്നെ വേണമെന്ന് ശാഠ്യം പിടിക്കുന്നത് മുന്നണികളെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പരിഹാസ്യമാക്കുകയാണ് ചെയ്യുന്നത്.