Wednesday, December 25, 2024

Top 5 This Week

Related Posts

ഇരട്ടക്കാലിയിൽ കാട്ടാന ശല്ല്യം രൂക്ഷം

കോതമംഗലം : ചാത്തമറ്റം വനമേഖലയില്‍ ഇരട്ടക്കാലി, ഒറ്റക്കണ്ടം പ്രദേശങ്ങളില്‍ കാട്ടാന വീണ്ടും ശല്യമായി എത്തി. ഞായറാഴ്ച രാത്രി ആള്‍ താമസം ഏറെയുള്ള വനമേഖലയോട് ചേര്‍ന്ന ഇരട്ടക്കാലി പ്രദേശത്താണ് ആന എത്തുന്നത്. കൂമുള്ളുംകുടിയില്‍ അംബികയുടെ വീടിന് അടുത്തുവരെ ആന എത്തിയതായി വീട്ടുകാര്‍ പറഞ്ഞു.

ഇവരുടെ രണ്ട് പെണ്‍കുട്ടികള്‍ വൈഷ്ണവിയും ശിവപ്രിയയും മാത്രമാണ് അംബികയോടൊപ്പം വീട്ടില്‍ ഉണ്ടായിരുന്നത്. ആന വൃക്ഷങ്ങള്‍ ഒടിക്കുന്ന ശബ്ദം കേട്ടാണ്  ഇവര്‍ ഉണര്‍ന്നത്. കുട്ടികളുടെ  ഉച്ചത്തിലുള്ള  കരച്ചില്‍ കേട്ട്  ആളുകള്‍ കൂടിയെങ്കിലും ആനയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വെളിച്ചക്കുറവും,  ഭീതിയും  മൂലം ആരും തന്നെ തിരച്ചിലിനും ധൈര്യപ്പെട്ടില്ല. ഇതിനിടെ സമീപത്തുള്ള വെള്ളാംകണ്ടത്തില്‍ സ്കറിയയുടെ റബര്‍ തോട്ടത്തിലും ആന എത്തിയതായി തെളിഞ്ഞു. ഇവിടെ റബര്‍ മരം പിഴുത് മാറ്റിയും, നിലത്തെ മണ്ണ് കുത്തിയിളക്കിയും ഇട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇതിന് തൊട്ടടുത്ത ചുള്ളിക്കണ്ടം വന മേഖലയില്‍ എത്തിയ കാട്ടാന കൃഷി നാശം വരുത്തിയിരുന്നു.

അവിടെ ആളുകള്‍ ഭീതിയില്‍ കഴിയുന്നതിനിടയിലാണ് ചാത്തമറ്റത്ത് ആന എത്തുന്നത്. നാല്‍പ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വീണ്ടും ആന വരുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.  എം.എല്‍.എ. മാത്യു കുഴല്‍നാടന്‍, ജില്ലാ പഞ്ചായത്ത്‌ അംഗം റാണിക്കുട്ടി ജോര്‍ജ്, പഞ്ചായത്ത്‌ പ്രസിഡന്‍റ് സീമ സിബി എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് നാട്ടുകാരുടെ ആശങ്കകള്‍ പങ്കുവെച്ചു. ആന എത്തിയ ജനവാസ മേഖലയോട് ചേര്‍ന്ന വനത്തിലെ അടിക്കാടുകള്‍ വെട്ടി മാറ്റുന്നതിനും, പ്രദേശത്ത്‌ വഴി വിളക്കുകള്‍ സ്ഥാപിക്കുന്നതിനും ഡി.എഫ്.ഒ. യ്ക്ക്  എം.എല്‍.എ. നിര്‍ദേശം നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ ഇതിനുള്ള നടപടികള്‍ ഡി.എഫ്.ഒ. ഉറപ്പ് നല്‍കിയതായും എം.എല്‍.എ. പറഞ്ഞു. നാല് ആനകള്‍ മുള്ളരിങ്ങാട് വന മേഖലയില്‍ എത്തിപ്പെട്ടതായാണ് അറിയുന്നത്. ഇതില്‍ ഒരെണ്ണമാണ് ചുള്ളിക്കണ്ടം, ചാത്തമറ്റം പ്രദേശങ്ങളില്‍ എത്തിയത്. ഇവയെ വനത്തിനുള്ളിലേയ്ക്ക് തിരിച്ചു വിടുന്നതിനുള്ള നടപടികളെക്കുറിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിക്കുമെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.   
 

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles