ക്രിക്കറ്റിലേതുപോലെ അവസാനപന്ത് വരെ പൊരുതുമെന്നും സ്ഥാനം രാജിവയക്കില്ലെന്നും ഇംറാൻ ഖാൻ. പ്രതിപക്ഷം വിദേശരാജ്യവുമായി ചേർന്ന് പാക്കിസ്ഥാനെ ചതിച്ചു. പ്രതിപക്ഷനേതാക്കൾക്ക് പാക് ജനത മാപ്പുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇംറാൻ ഖാൻ
ഇതിനിടെ അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നത് ഞായറാഴ്ചത്തേക്കു മാറ്റി. അമേരിക്കക്കെതിരെയാണ് ഇംറാൻ ഖാന്റെ ആരോപണം. പ്രതിപക്ഷത്തിന് അമേരിക്കയെ ഭയമെന്നും താൻ തുടർന്നാൽ വൻ തിരിച്ചടിയുണ്ടാകുമെന്ന് എംബസി വഴി ഭീഷണിപ്പെടുത്തിയെന്നും കുറ്റപ്പെടുത്തി. നവാസ് ഷെരീഫും മുഷറഫും ഇന്ത്യയുമായും രഹസ്യചർച്ചകൾ നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തി. പാക്കിസ്ഥാന്റെ വിദേശനയം ഇന്ത്യാവിരുദ്ധമോ അമേരിക്ക വിരുദ്ധമോ അല്ലെന്ന് കൂട്ടിച്ചേർത്തു. എല്ലാവർക്കും തുല്യനീതി നടപ്പാക്കുകയായിരുന്നു ലക്ഷ്യം. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് പാക്കിസ്ഥാൻ ദേശീയ അസംബ്ലി ചേർന്നത്. അവിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പ് വേണമെന്ന്് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടു. എന്നാൽ ഡെപ്യൂട്ടി സ്പീക്കർ കാസിം സൂരി നാടകീയ നീക്കത്തിലൂടെ സഭ പിരിച്ചുവിടുകയായിരുന്നു. സർക്കാരിനെ രക്ഷിക്കാൻ ഭരണഘടനാ കീഴ്വഴക്കങ്ങൾ ഡെപ്യൂട്ടി സ്പീക്കർ ലംഘിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 2018 ലെ തിരഞ്ഞെടുപ്പിൽ 155 അംഗങ്ങളുടെ പിൻബലത്തിൽ പിടിഐ ഘടക കക്ഷികളുടെ സഹായത്തോടെയാണ് പാക്കിസ്താന്റെ പ്രധാന മന്ത്രിയായത്. ബുധനാഴ്ച മുത്തഹിദ ക്്വാമി മൂവ് മെന്റ് ( എംക്യൂ എം) പിന്തുണ പിൻവലിച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട നിലയിലാണ് സർക്കാർ. സംഭവങ്ങൾ പാക്കിസ്താനെ വീണ്ടും അസ്തിരതയിലേക്കു നയിക്കുമെന്ന് കരുതുന്നു.