അരിക്കൊമ്പൻ: ഹൈക്കോടതി തീരുമാനം നിരാശാജനകം-
ഡീൻ കുര്യാക്കോസ് എം.പി
മിഷൻ അരിക്കൊമ്പൻ സ്റ്റേ ചെയ്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ വ്യാഴാഴ്ച ജനകീയ ഹർത്താൽ നടക്കും. ഹമറയൂർ, കാന്തല്ലൂർ, വട്ടവട ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, ചിന്നകനാൽ, ഉടുമ്പൻ ചോല, തുടങ്ങിയ പഞ്ചായത്തുകളിലാണ് ഹർത്താൽ. ആന ഭീതിയിൽ കഴിയുന്ന ജനം വിധിയിൽ കടുത്ത പ്രതിഷേധത്തിലാണ്.
കുങ്കി ആനകളെ പാർപ്പിച്ചിരുന്നിടത്തേക്ക് പ്രദേശവാസികൾ പ്രതിഷേധം നടത്തി. വനം വകുപ്പിന്റെ ബാരിക്കേടുകൾ തകർത്തു. ചെറിയ രീതിയിൽ സംഘർഷവും ഉണ്ടായി.
നിലവിൽ അരിക്കൊമ്പനെ പിടിക്കാൻ ് ഹൈക്കോടതി അനുമതി നിഷേധിച്ച ഇടക്കാല ഉത്തരവ് പുറത്തുവന്നതോടെയാണ് പ്രദേശ വാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാൻ മാത്രം മയക്കുവെടിയാകാം. ജനസുരക്ഷയ്ക്കായി കുങ്കിയാനകളും ഉദ്യോഗസ്ഥരും പ്രദേശത്ത് തന്നെ തുടരാനുമാണ് കോടതി വിധി.
അരിക്കൊമ്പനെ എന്ത് ചെയ്യണമെന്ന് പരിശോധിക്കാൻ ഹൈക്കോടതി 5 അംഗ വിദഗ്ധ സമിതി രൂപീകരിച്ചു. വനം വകുപ്പ് ചീഫ് കൺസർവേറ്റർ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, രണ്ട് വിദഗ്ധർ, കോടതി നിയോഗിക്കുന്ന അമിക്കസ് ക്യൂറി എന്നിവരാണ് സമിതിയിലുള്ളത്. സമിതിയുടെ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ വിധി.. കൊമ്പനെ പിടിച്ച് സ്ഥിരമായി മാറ്റി പാർപ്പിക്കുന്ന വിഷയം വിദഗ്ധ സമിതി റിപ്പോർട്ട് വന്ന ശേഷം പരിഗണിക്കാമെന്നാണ് കോടതിയുടെ നിലപാട്.
വിഷയത്തിൽ ജനങ്ങളുടെ താൽപര്യങ്ങളും സംരക്ഷിക്കപ്പെടുമെന്ന് കോടതി വ്യക്തമാക്കി. പ്രശ്്‌നത്തിനു ശാശ്വപരിഹാരമാണ് വേണ്ടതെന്നു കോടതി നീരീക്ഷിച്ചു. ആനകളുടെ വാസ സ്ഥലത്ത് എങ്ങനെ സെറ്റിൽമെന്റ് കോളനി സ്ഥാപിച്ചുവെന്നത് ഉൾപ്പെടെ സംശയവും കോടതി ഉന്നയിച്ചു.
അരിക്കൊമ്പൻ: ഹൈക്കോടതി തീരുമാനം നിരാശാജനകം-
ഡീൻ കുര്യാക്കോസ് എം.പി
അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി തീരുമാനം വളരെ നിരാശാജനകമാണ്. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് പകരം ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്ന തരത്തിലുള്ള തീരുമാനമാണ് കോടതി കൈക്കൊണ്ടിട്ടുള്ളത്. റേഡിയോ കോളർ ഘടിപ്പിച്ചതുകൊണ്ട് ജനങ്ങളുടെ ഭീതിയുടെ കാര്യത്തിൽ കുറവ് വരുന്നില്ല. അരിക്കൊമ്പനെ മയക്ക് വെടിവച്ച് പിടിക്കുക എന്നല്ലാതെ ഇക്കാര്യത്തിൽ യാതൊരു പരിഹാരമാർഗ്ഗവുമില്ല. കാട്ടാനകൾക്ക് സൈര്യവിഹാരം നടത്തുന്നതിന് വർഷങ്ങളായി താമസിച്ചുവരുന്ന മനുഷ്യരെ അവിടെ നിന്നും കുടിയിറക്കുക എന്നു പറയുന്നതിലെ യുക്തി ഒരു തരത്തിലും മനസിലാകുന്നില്ല. സർക്കാരും മറ്റ് ജനപ്രതിനിധികളും മീഡിയകളും ഈ വിഷയത്തിൽ ഒരേ തരത്തിൽ പറഞ്ഞിട്ടും അതുകൊണ്ടാണ് കോടതിക്ക് ജനപക്ഷ താല്പര്യം ബോധ്യപ്പെടാത്തതെന്ന് മനസിലാകുന്നില്ല. സർക്കാർ ഈ മിഷനിൽ നിന്നും ഒരിഞ്ചു പോലും പിന്നോട്ട് പോകരുത്. ഇക്കാര്യത്തിൽ എം.പി. എന്ന നിലയിൽ ഏല്ലാ വിധ പിന്തുണയും അറിയിക്കുന്നു.
ഈ കേസിൽ പരാതിക്കാരായ ആളുകളെ, ഇപ്പോഴും അരിക്കൊമ്പനെ പിടിക്കരുത് എന്ന് പറയുന്ന ആളുകളെ ഇടുക്കിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. ഇവരെ 2 മാസം ആനശല്യം രൂക്ഷമായ മേഖലയിൽ വന്ന് താമസിക്കാൻ വെല്ലുവിളിക്കുന്നു. ജനങ്ങളുടെ ജീവനും കഷ്ടപ്പാടും ദുരിതവും അറിയാത്ത അഭിനവ മൃഗസ്‌നേഹികൾ ഈ നാടിനുതന്നെ അപമാനമാണ്.