തൊടുപുഴ: അരനൂറ്റാണ്ടിലെ പ്രണയത്തിന്റെ മധുരിമ ഓര്‍മകളില്‍ സമ്മാനിച്ച് പുറപ്പുഴ പാലത്തിനാല്‍ തറവാട്ടിലെ കുടുംബാനാഥ ഡോ. ശാന്ത പി.ജെ ജോസഫില്‍ നിന്ന് വിട്ടകന്നു. 1971 സെപ്റ്റംബര്‍ 15 നാണ് ഡോ. ശാന്തയെ കൈപിടിച്ച് പി.ജെ ജോസഫ് പാലത്തിനാല്‍ തറവാട്ടിലേയ്ക്ക് എത്തിച്ചത്. അന്നുമുതല്‍ ഇന്നലെ വരെ ഡോ. ശാന്തയായിരുന്നു തൊടുപുഴയ്ക്കാരുടെ ഔസേപ്പച്ചന്റെ എല്ലാം എല്ലാം…വീട്ടുകാര്യം മുതല്‍ പുരയിടത്തിലെ കൃഷിയും പശുവളര്‍ത്തലും തുടങ്ങി എല്ലാ കാര്യങ്ങളിലും പി.ജെയ്ക്ക് തുണയും കൈത്താങ്ങുമായിരുന്നു ഡോ. ശാന്ത. ഞങ്ങളുടേത് സഫലമായ ഒരു പ്രണയമാണ്. അതുതന്നെയാണ് എന്റെ സൗഭാഗ്യവും എന്ന് പി.ജെ ജോസഫ് പലപ്പോഴും തുറന്നു പറഞ്ഞിരുന്നു. 1967 ഫെബ്രുവരി മാസത്തിലാണ് പാലത്തിനാല്‍ തറവാട്ട് മുറ്റത്തെ മാവിന്‍ ചുവട്ടില്‍ പി.ജെയും ശാന്തയും തമ്മില്‍ പ്രണയം മൊട്ടിടുന്നത്. പി.ജെ ജോസഫ് അന്ന് തേവര എസ്.എച്ച് കോളജില്‍ എം.എ ഫൈനലിനു പഠിക്കുകയാണ്.
പി.ജെയുടെ ആത്മകഥയായ നിമയമ വാഴ്ചയുടെ ഏടുകളില്‍ നിന്ന്…….
ഒരു ദിവസം കോളജ് ഹോസ്റ്റലില്‍നിന്നും വീട്ടിലേയ്ക്ക് കടന്നുവരുമ്പോള്‍ വീട്ടുമുറ്റത്ത് മാമ്പഴം പെറുക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ പരിചയമില്ലാത്ത ഒരു മുതിര്‍ന്ന പെണ്‍കുട്ടി. മാങ്ങ പെറുക്കി കുട്ടയിലിടുന്ന കുട്ടികളുടെ കൂട്ടത്തില്‍ പരിചയമില്ലാത്ത ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ഞാന്‍ ഒന്നു ശ്രദ്ധിച്ചു നോക്കി. മുണ്ടും വേഷ്ടിയുമാണ് അവളുടെ വേഷം. എന്നെ കണ്ടതും ആ പെണ്‍കുട്ടി എനിക്കു മുന്‍പേ വീട്ടിലേയ്ക്ക് കയറിപ്പോയി. ഇതു വരെ കാണാത്ത ഒരു പരിചയവുമില്ലാത്ത ആ പെണ്‍കുട്ടി
എങ്ങനെ അവിടെ വന്നു എന്ന് യാതൊരു പിടിയും കിട്ടിയില്ല. അന്വേഷിച്ചപ്പോഴാണ് കാര്യം മനസിലായത്. പുറപ്പുഴ ഹെല്‍ത്ത് സെന്ററില്‍ പുതിയതായി വന്ന ഡോക്ടറാണെന്നും എന്റെ മൂത്ത സഹോദരിയുടെ ജൂനിയറായി പഠിച്ച ആളാണെന്നും മനസിലായി. പോസ്റ്റിങ് കിട്ടിയപ്പോള്‍ സഹോദരിയെ വന്നു കണ്ട് താമസിക്കാന്‍ ഒരു സ്ഥലം കണ്ടെത്തി തരാന്‍ പറഞ്ഞു. സ്ഥലമന്വേഷിച്ചപ്പോള്‍ കോണ്‍വെന്റിലൊന്നും ഒഴിവില്ലായിരുന്നു. തല്‍ക്കാലം വീട്ടില്‍ തന്നെ താമസിക്കാന്‍ ഏര്‍പ്പാടാക്കി. അങ്ങനെ ഒരാള്‍ അവിടെ താമസിക്കുന്നുണ്ടെന്ന് അറിയാതെയാണ് ആ സായംസന്ധ്യയില്‍ ഞാന്‍ വീട്ടിലെത്തുന്നത്. പ്രശസ്ത സാഹിത്യനിരൂപകന്‍ എം.പി പോളിന്റെ ഇളയ സഹോദരന്റെ പുത്രിയായിരുന്നു ശാന്ത. വരാപ്പുഴ മേനാച്ചേരി തറവാട്ടിലെ അംഗം. പിന്നീട് അവളെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു. ആ പെണ്‍കുട്ടിയുടെ പേര് ശാന്ത എന്നായിരുന്നു. മൂന്നുമാസക്കാലം ശാന്ത എന്റെ വീട്ടിലായിരുന്നു താമസം. നൂറുകണക്കിന് സര്‍ക്കാര്‍ ആശുപത്രികള്‍ ഉണ്ടായിട്ടും എന്റെ ഗ്രാമത്തിലെ ആരോഗ്യ കേന്ദ്രത്തിലായിരുന്നു ശാന്തയുടെ ആദ്യ നിയമനം. അത് ദൈവ നിശ്ചയമായി ഞാന്‍ കാണുന്നു. എന്റെ പിതാവ് നാട്ടുകാരുടെ പ്രിയപ്പെട്ട പാലത്തിനാല്‍ കുഞ്ഞേട്ടന്‍ (പി.ഒ ജോസഫ്) മുന്‍കൈയെടുത്താണ് അവിടെ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം വന്നത്. ആ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേയ്ക്കാണ് ശാന്തയുടെ വരവ്. എന്റെ വീട്ടില്‍ നിന്നും ഏകദേശം 800 മീറ്ററാണ് ആരോഗ്യകേന്ദ്രത്തിലേയ്ക്കുള്ളത്. എന്നും നടന്നാണ് ശാന്ത പോകുന്നത്. സാരിയൊക്കെയുടുത്ത് മെലിഞ്ഞ സുന്ദരിയായ പെണ്‍കുട്ടി നടന്നുപോകുന്നത് അവള്‍ കാണാതെ ഞാന്‍ നോക്കി നില്‍ക്കും. ആ കാഴ്ച ഇന്നും എന്റെ മനസിലുണ്ട്. മൂന്നുമാസം കഴിഞ്ഞപ്പോള്‍ ശാന്ത പണ്ടപ്പള്ളിയിലേയ്ക്ക് സ്ഥലം മാറ്റം കിട്ടി. എന്റെ സഹോദരി രാജിവച്ച ഒഴിവിലേയ്ക്കായിരുന്നു ആ നിയമനം. പിന്നീട് അവിടെ നിന്നും മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക്. ആ ഇടയ്ക്കാണ് പറമ്പിലെ പണിക്കാരനായ ദേവസ്യ പുറപ്പുഴയില്‍ തന്നെ ചികിത്സിച്ചിരുന്ന ഡോക്ടറെ ഒന്നു കാണണം എന്ന് പറഞ്ഞു വരുന്നത്. തന്റെ അസുഖം മാറണമെങ്കില്‍ ശാന്ത ഡോക്ടര്‍ തന്നെ ചികിത്സിക്കണമെന്ന് ദേവസ്യയ്ക്ക് നിര്‍ബന്ധം. വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും പാല് എന്നു പറയുന്നതുപോല അങ്ങനെ ദേവസ്യയേയും കൂട്ടി ഞാന്‍ മൂവാറ്റുപുഴക്കു പോയി. ഗവ. ആശുപത്രിയിലേയ്ക്ക്. മാസങ്ങള്‍ക്കുശേഷം അന്നാണ് ഞങ്ങള്‍ വീണ്ടും കാണുന്നത്. അന്നവിടെ ശാന്തയുടെ അമ്മയുടെ സഹോദരന്‍ സീനിയര്‍ ഡോക്ടറായിരുന്നു. അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തി. അവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സ് അവിടെ അടുത്തുതന്നെയായിരുന്നു. അവിടെപ്പോയി ഞങ്ങള്‍ അല്‍പ്പസമയം സംസാരിച്ചിരുന്നു. ആ കൂടിക്കാഴ്ച ഞങ്ങളുടെ അടുപ്പത്തെ ഊഷ്മളമാക്കി. കത്തുകളിലൂടെ ബന്ധം തുടര്‍ന്നു. അതെങ്ങനെ നീണ്ടു പോയി. ഇതിനിടെ വിവാഹമെന്ന തീരുമാനം ഞങ്ങള്‍ രണ്ടു പേരും എടുത്ത് കഴിഞ്ഞിരുന്നു. പ്രണയം മൊട്ടിട്ട ശേഷം നാലു വര്‍ഷത്തിന് ശേഷമായിരുന്നു വിവാഹം.