തലവടി:കുഴഞ്ഞ് വീണ മുത്തച്ഛി അന്നമ്മ മാത്യൂവിനെ (64)തക്ക സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ ഇടപെടൽ നടത്തിയ നടുവിലേമുറി ഇടയത്ര തെക്കേകുറ്റ് റിനുവിന്റെ മകനും തലവടി ഗവണ്മെന്റ് ന്യൂ എൽ പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമായ റോൺ മാത്യുവിന് അഭിനന്ദന പ്രവാഹം.മാധ്യമങ്ങളിൽ വാർത്ത വായിച്ചറിഞ്ഞ് നിരവധി പേരാണ് അഭിനന്ദിച്ചത്.
തലവടി തിരുപനയനൂർ കാവ് ദേവി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മുഖ്യ തന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന റോണിനെ ഷാൾ അണിയിച്ച് അഭിനന്ദിക്കുകയും ഗിരിജ ആനന്ദ് പട്ടമന ഓണപുടവ നല്കയും ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു.ഭരതൻ പട്ടരുമഠം, കെ.കെ.രാജു,ഗോവിന്ദൻ നമ്പൂതിരി, ക്ഷേത്രം സമിതി മാനേജർ അജികുമാർ കലവറശ്ശേരിൽ, റിനു ജോർജ്ജ്
എന്നിവർ പ്രസംഗിച്ചു.
സ്ട്രോക്ക് അപകടകരമാം വിധം ആവാതെ ആ മുത്തച്ചിക്ക് സഹായമായത് ചെറുമകൻ റോണിന്റെ സമയോചിത പ്രവർത്തനം.കഴിഞ്ഞ ദിവസം റിനു പ്രഭാത സവാരിക്ക് പോയ സമയത്താണ് അന്നമ്മ മാത്യു കുഴഞ്ഞ് വീണത്. സംസാരിക്കാനോ കൈ ചലിപ്പിക്കുവാനോ സാധിക്കാത്ത അവസ്ഥ ആയത്. കയ്യിൽ നിന്നും പാത്രം താഴെ വീണു ശബ്ദം കേട്ട് ആണ് റോൺ ഉണർന്നത്.വീട്ടിൽ അന്നമ്മയുടെ 87 വയസ്സുള്ള മാതാവും രണ്ട് കൊച്ചുമക്കളും മാത്രമാണ് ഉണ്ടായിരുന്നത്. റോണിൻ്റെ മാതാവ് അഞ്ചു റിനു ഉത്തർ പ്രദേശിൽ നഴ്സ് ആയി ജോലി ചെയ്യുന്നു.തലവടി ചുണ്ടൻ നിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ റിനു കഴിഞ്ഞ ഒന്നര വർഷമായി നാട്ടിലാണ്.
കുട്ടികൾക്ക് വിളിക്കാൻ പറ്റുന്ന തരത്തിൽ ലാൻഡ് ഫോണിൽ എമർജൻസി നമ്പ രായി സേവ് ചെയ്തിടുള്ള റിനുവിൻ്റെ നമ്പരിലേക്ക് റോൺ വിളിച്ചു.പെട്ടന്ന് സാഹചര്യം മനസിലാക്കി ഉടനെ തന്നെ വീട്ടിലെത്തിയപ്പോൾ കണ്ടത് കുഴഞ്ഞ് വീണ് കിടക്കുന്ന അമ്മയെയാണ് കണ്ടത്.ഉടൻ തിരുവല്ലയിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ദ്ധ ചികിത്സ നല്കി. സമയത്ത് എത്തിച്ചില്ലായിരുന്നുവെങ്കിൽ ഒരു വശം പൂർണ്ണമായും തളരുവാൻ സാധ്യതയുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ സാക്ഷ്യപെടുത്തിയതായി റിനു പറഞ്ഞു.ഇപ്പോൾ തുടർ ചികിത്സയിലാണ് അന്നമ്മ.ആരോൺ മാത്യു റിനു ആണ് റോണിൻ്റെ സഹോദരൻ.