ഇസ്രയേലിലെ അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഹൈഫ തുറമുഖ കമ്പനിയുടെ ചെയർമാനായി ഇന്ത്യയിലെ മുൻ ഇസ്രയേൽ സ്ഥാനപതി ചുമതലയേറ്റു. 2018-21 ൽ ഇന്ത്യയിലെ സ്ഥാനപതിയായിരുന്ന റോൺ മൽക്കയാണ് നിയോഗിതനായത്. (എച്ച്.പി.സി) എക്‌സിക്യുട്ടീവ് ചെയർമാനായാണ് പുതിയ പദവി. ഇസ്രായേലിലെ രണ്ടാമത്തെ വലിയ തുറമുഖമായ ഹൈഫ, അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോണും ഇസ്രയേലിലെ ഗദോത്ത് ഗ്രൂപ്പും ചേർന്ന് കഴിഞ്ഞ വർഷമാണ് തുറമുഖം ലേലത്തിൽ നേടിയത്.
118 കോടി ഡോളറിനു (ഏകദേശം 9710 കോടി രൂപ) ആയിരുന്നു ലേലത്തുക.
എച്ച്.പി.സി എക്‌സിക്യുട്ടീവ് ചെയർമാനായി ചുമതലയേറ്റെന്ന വിവരം മൽക്ക ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ‘അദാനി ഗ്രൂപ്പിന് വേണ്ടി ഹൈഫ പോർട്ട് കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി ഇന്ന് ചുമതലയേൽക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. അദാനിയുടെയും ഗദോത്തിന്റെയും അനുഭവപരിചയവും വൈദഗ്ധ്യവും തുറമുഖ തൊഴിലാളികളുടെ സമർപ്പണവും ഹൈഫ തുറമുഖത്തെ അഭിവൃദ്ധിയുടെ പുതിയ ഉയരങ്ങളിലെത്തിക്കും’ എന്നായിരുന്നു മൽക്കയുടെ ട്വീറ്റ്.